അബുദാബി: കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മ്മാണത്തിനും വേണ്ടി ഒരിക്കല്‍ കൂടി സഹായ ഹസ്തവുമായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയിലാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തിയത്.
ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായിയില്‍ വെച്ചാണ് കേരള സഭയുടെ പ്രഥമ മിഡില്‍ ഈസ്റ്റ് റീജിണല്‍ സമ്മേളനം നടക്കുന്നത്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞെന്നും കേരളവും യുഎഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു.
വളരെ താല്പര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ കേട്ട ഷെയ്ഖ് മന്‍സൂര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചു.’ മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യുഎഇക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണല്‍ സമ്മേളനം നടക്കുന്നത്. നേരത്തെയും, പ്രളയം തകര്‍ത്ത കേരളത്തിന് സഹായം വാഗ്ദാനം നല്‍കി യുഎഇ രംഗത്ത് വന്നിരുന്നു. എന്നാല്‍, യുഎഇ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
Discussion about this post