ദുബായ്: മകന്‍ മരിച്ചെന്ന് തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയയാള്‍ പിടിയില്‍. ദുബായില്‍ ബിസിനസ് ചെയ്യുന്ന സിറിയന്‍ പൗരനായ പ്രതി, മകന്‍ മരിച്ചെന്ന് വ്യാജ രേഖയുണ്ടാക്കുകളും അത് സിറിയന്‍ എംബസിയിലും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലും കൊടുത്ത് അറ്റസ്റ്റ് ചെയ്യിക്കുകയും ചെയ്തു.
ഭാര്യയുമായി ഇയാള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ശേഷം ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ നടന്നുവരവെയാണ് ഇത് ഒഴിവാക്കാനായി മകന്‍ മരിച്ചെന്ന രേഖയുണ്ടാക്കിയത്. കേസ് നടപടികള്‍ പുരോഗമിക്കവെ ഒരു ദിവസം മകന്റെ മരണസര്‍ട്ടിഫിക്കറ്റ് ഇയാള്‍ കോടതിയില്‍ ഹാജറാക്കി. ഇതോടെ മകന്റെ സംരക്ഷണം സംബന്ധിച്ച കേസ് കോടതി അവസാനിപ്പിച്ചു.
എന്നാല്‍ ഇതിനെതിരെ മുന്‍ഭാര്യ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബത്തെ സംബന്ധിച്ച മറ്റ് രേഖകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയതോടെ കോടതിക്ക് തട്ടിപ്പ് ബോധ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
സ്വന്തമായി ടൈപ്പ് ചെയ്തുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് സിറിയന്‍ എംബസിയിലും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലും ഹാജരാക്കി അംഗീകാരം നേടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ദുബായി പോലീസിന്റെ ക്രൈം ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു.
അതേസമയം, പ്രതിക്ക് വ്യാജരേഖ ചമച്ചതിന് പുറമെ നീതിന്യായ സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ചതിനും കേസ് ചുമത്തിയിട്ടുണ്ട്.