ഷാര്‍ജ: ഷാര്‍ജിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടില്‍ ഇനി ഈ ഏഴംഗ മലയാളി കുടുംബത്തിന് ജീവിതം തള്ളിനീക്കേണ്ട. കഴിഞ്ഞ 38 വര്‍ഷമായി ദുരിതപര്‍വ്വം നയിക്കുകയായിരുന്ന മലയാളി ദമ്പതികളും അവരുടെ അഞ്ച് മക്കളുമാണ് കഷ്ടപ്പാടിനൊടുവില്‍ ജീവിതവെളിച്ചത്തിലേക്ക് നടന്നടുത്തിരിക്കുന്നത്.
ദുബായിയുടെ സുഖങ്ങളില്‍ നിന്നെല്ലാം അകന്നാണ് 21 മുതല്‍ 29 വയസു വരെ പ്രായമുള്ള ഈ മക്കള്‍ ദിനങ്ങള്‍ തള്ളിനീക്കിയിരുന്നത്. മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നത് പട്ടിണി മാത്രവും. പഠനകാലും ജോലിയും വിദൂരസ്വപ്‌നങ്ങള്‍ മാത്രമായി. ജീവിതത്തിന്റെ നല്ല നാളുകള്‍ ഈ കുടുസു മുറിയില്‍ അടക്കം ചെയ്യേണ്ടിയും വന്നു. ഒടുവില്‍ നാളുകള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ദുബായിയിലെ സുമനസുകളുടേയും മാധ്യമങ്ങളുടേയും സമയോചിതമായ ഇടപെടല്‍ കൊണ്ട് ഇരുളിലടയ്ക്കപ്പെട്ട ആ കുടുംബത്തിന് പുതിയൊരു മേല്‍വിലാസം ലഭിച്ചിരിക്കുകയാണ്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ആ ഏഴംഗ കുടുംബത്തിന് പാസ്‌പോര്‍ട്ട് അനുവദിച്ച് ഉത്തരവായി.
തങ്ങളെ ഉള്ളറിഞ്ഞ് സഹായിച്ചവര്‍ക്ക് നന്ദി പറയുമ്പോഴും മക്കള്‍ക്കൊരു ജോലി തരപ്പെടും വരെ പിടിച്ചു നില്‍ക്കാനുള്ള കഷ്ടപ്പാടിലാണിവര്‍. അകമഴിഞ്ഞ് സഹായിച്ചവര്‍ തന്നെ തങ്ങളെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. കടന്നു പോയത് ദുരിതങ്ങളുടെ ഭൂതകാലം, ഇനിയെല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്ന് കുടുംബത്തിലെ മൂത്തമകള്‍ അശ്വതി പറയുന്നു.
പുറത്തിറങ്ങിയ ശേഷം എങ്ങനെയെങ്കിലും ഒരു ജോലിസമ്പാദിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് അവരുടെ വാക്കുകള്‍. പോലീസിനെ പേടിക്കാതെ ഇനിയുള്ള നാളുകള്‍ സ്വസ്ഥതയോടെ ജീവിക്കാമെന്നാണ് കുടുംബത്തിലെ ഏക ആണ്‍തരിയും പറയുന്നത്.
Discussion about this post