അജ്മാന്: കഴിഞ്ഞ ദിവസം നുഐമിയയിലെ പള്ളിക്ക് സമീപത്ത് കാണാതായ നാല് വയസുകാരനെ അജ്മാന് പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. പുലര്‍ച്ചെ 6.45ന് നാല് വയസുകാരനെ പള്ളിക്ക് സമീപത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
സ്റ്റേഷനില്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കിയതിനൊപ്പം വീട്ടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു. പോലീസുകാര്‍ക്ക് കുട്ടിയെ ലഭിച്ച അതേ സ്ഥലം തന്നെയാണ് പരാതിപ്പെട്ടവരും പറഞ്ഞത്.
ഇതോടെ കുട്ടി പോലീസ് സ്റ്റേഷനിലുണ്ടെന്ന് രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കൊണ്ട് പോകാനായി എത്തിയ രക്ഷിതാക്കള്‍ പോലിസിന് നന്ദി പറഞ്ഞ് മടങ്ങി.
Discussion about this post