റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത ആഴ്ചവരെ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകും. ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇന്നു മുതല്‍ തബൂക്ക് പ്രവിശ്യയില്‍ കനത്ത മഴക്കു സാധ്യതയുണ്ട്. അറാര്‍, തുറൈഫ്, ഖുറയ്യാത്ത്, ത്വബര്‍ജല്‍ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ പെയ്യും. കിഴക്കന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ പ്രവിശ്യയിലും നാളെ മുതല്‍ കനത്ത പൊടിക്കാറ്റ് വീശാനും ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
റിയാദ് പ്രവിശ്യയില്‍ അടുത്ത ആഴ്ച സാമാന്യം ശക്തമായ മഴ ലഭിക്കും. ബുറൈദ, ഉനൈസ, അല്‍റസ്, മിദ്നബ്, ബുകൈരിയ, അല്‍ ബദായിഅ് എന്നിവിടങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റു മൂലം ഹൃസ്വദൃഷ്ടി കുറയാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.