അബുദാബി: മലയാളികള്‍ ദുബായിലും അബുദാബിയിലും നടക്കുന്ന നറുക്കെടുപ്പുകളില്‍ വന്‍ തുക സമ്മാനം കൊയ്യുന്നത് ഇപ്പോല്‍ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞദിവസവും അത്തരത്തില്‍ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് പുത്തൂര്‍ സ്വദേശിയെ തേടി ഭാഗ്യം എത്തിയിരുന്നു. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്.
ഫോണ്‍ വഴിയും ഓണ്‍ലൈന്‍ വഴിയും വലിയ തട്ടിപ്പുകള്‍ നടക്കുന്ന കാലത്താണ് ഈ ഭാഗ്യം എത്തിയത്. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴുള്ള പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
പരിപാടിയുടെ അവതാരകന്‍ റിച്ചാര്‍ഡ് ആണ് പ്രശാന്തിനെ ഫോണില്‍ വിളിച്ചത്. അല്‍പം ആകാംക്ഷ ഉണ്ടാക്കുന്നതിനായി ബിഗ് ടിക്കറ്റ് എടുത്തിരുന്നോ? എന്നു ചോദിക്കുകയും വിജയിയെ ഫോണില്‍ വിളിക്കാറുള്ള റിച്ചാര്‍ഡ് ആണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ഞാന്‍ ജാക്ക്‌പോട്ട് വിജയിയെ ആണ് വിളിക്കാറെന്നും അതാണ് താങ്കളെ ഇപ്പോള്‍ വിളിച്ചതെന്നും തുടര്‍ന്ന് അറിയിച്ചു.
എന്നാല്‍ ‘ആര്‍ യു ഷുവര്‍’ എന്നായിരുന്നു പ്രശാന്തിന്റെ ആദ്യചോദ്യം. എനിക്ക് 100 ശതമാനം ഉറപ്പാണ് എന്ന് അവതാരകന്‍ മറുപടി നല്‍കി. തുടര്‍ന്നായിരുന്നു അടുത്ത ചോദ്യം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കണ്‍ഫര്‍മേഷന്‍ ഉണ്ടോ? എന്നായിരുന്നു അത്. നിങ്ങള്‍ പറഞ്ഞത് എനിക്ക് ഇഷ്ടമായെന്നും അല്‍പസമയത്തിനുള്ളില്‍ വെബ്‌സൈറ്റില്‍ നിങ്ങളുടെ പേരുണ്ടാകുമെന്നും ഫേസ്ബുക്കില്‍ ലൈവ് ആയി പരിപാടി ടെലിക്കാസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിച്ചാര്‍ഡ് പറഞ്ഞു
സംശയം മാറാത്ത പ്രശാന്തിനോട് ഇത് കബളിപ്പിക്കാന്‍ വേണ്ടി വിളിക്കുന്നതല്ലെന്നും 10 മില്യണ്‍ ദിര്‍ഹം താങ്കള്‍ നേടിയെന്നും അവതാരകന്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇത് തട്ടിപ്പല്ലെന്നും എന്നെ വിശ്വസിക്കൂവെന്നും അറിയിച്ച് അഭിനന്ദിച്ച ശേഷം, അടുത്ത മാസം അബുദാബി വിമാനത്താവളത്തില്‍ വരൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.
അയാള്‍ വിവേകം ഉള്ള മനുഷ്യന്‍ ആണെന്നും ഇപ്പോള്‍ ധാരാളം തട്ടിപ്പ് ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും അതിലൊന്നും വീഴരുതെന്നും അവതാരകന്‍ മുന്നറിയിപ്പും നല്‍കി.