ഏഷ്യന്‍ കപ്പ് കിരീടം: ഫുട്‌ബോള്‍ ടീമിന് ഉജ്ജ്വല സ്വീകരണം നല്‍കി ഖത്തര്‍; താരങ്ങളെ സ്വീകരിക്കാന്‍ നേരിട്ടെത്തി അമീര്‍

ഖത്തര്‍: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നേടി നാട്ടിലെത്തിയ ഖത്തര്‍ ദേശീയ ടീമിന് ഉജ്ജ്വല സ്വീകരണം. ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേരിട്ടെത്തിയാണു ടീമംഗങ്ങളെ സ്വീകരിച്ചത്. അബുദാബിയില്‍ നിന്ന് മസ്‌കത്തിലെത്തിയ ശേഷം, അവിടെ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേകവിമാനത്തിലാണ് ടീം ദോഹയിലെത്തിയത്.

ടീംംഗങ്ങളെ സ്വീകരിക്കാന്‍ ദോഹ നഗരം മുഴുവന്‍ അണിഞ്ഞൊരുങ്ങി, ആവേശ ചിറകിലേറിയാണു ടീമിനെ സ്വീകരിച്ചത്. പ്രത്യേകം അലങ്കരിച്ച ബസില്‍ ടീമംഗങ്ങള്‍ ഏഷ്യന്‍ കപ്പുമായി കോര്‍ണിഷിലൂടെ നഗരപ്രദക്ഷിണം നടത്തി.

വിമാനത്താവളത്തില്‍ ചുവപ്പു പരവതാനി വിരിച്ചാണു ടീമിനെ സ്വീകരിച്ചത്. ചുവപ്പു പരവതാനിയുടെ ഇരുവശങ്ങളിലുമായി കുട്ടികളും ഖത്തര്‍ യൂത്ത്, ജൂനിയര്‍ ഫുട്‌ബോള്‍ ടീമംഗങ്ങളും ആസ്പയര്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന കുട്ടികളും അണിനിരന്നു.

വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണു ടീമംഗങ്ങളെയും വഹിച്ചുള്ള വിമാനത്തെ സ്വീകരിച്ചത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി, ദേശീയ ടീം ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹൈദോസ്, കോച്ച് ഫെലിക്‌സ് സാഞ്ചസ് എന്നിവര്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തു വന്നതിനു പിന്നാലെ ആവേശം ആകാശംമുട്ടെ ഉയര്‍ന്നു.

ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ടീമംഗങ്ങളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ക്യാപ്റ്റനെയും കോച്ചിനെയും ഉള്‍പ്പെടെ എല്ലാ ടീമംഗങ്ങളെയും പരിശീലകരെയും കെട്ടിപ്പിടിച്ച്, പുഷ്പമാല ചാര്‍ത്തിയാണ് അമീര്‍ സ്വീകരിച്ചത്. അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനിയും, ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ താനിയും ടീമംഗങ്ങളെ സ്വീകരിക്കാനെത്തി.

പിന്നീട് പ്രത്യേക വേദിയില്‍ ടീമംഗങ്ങള്‍ക്കൊപ്പം അമീര്‍ അണിനിരന്നു. എല്ലാവരും ഒരുമിച്ചു ദേശീയ ഗാനം പാടി. ഖത്തറിന്റെ യശസ്സ് വാനോളമുയര്‍ത്തിയ ടീമിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു ഓരോരുത്തരും. പരസ്പരം കെട്ടിപിടിച്ച് ആനന്ദം പങ്കുവയ്ക്കുന്നതിനിടയില്‍ ചിലര്‍ കണ്ണീരണിഞ്ഞു; ഒരു രാജ്യം ഈ സ്വപ്നനേട്ടത്തെ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു അത്.

Exit mobile version