അബുദാബി: യുഎഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ അബുദാബിയില്‍ പണിയുന്ന ഹിന്ദു ക്ഷേത്രത്തിന് വീണ്ടും സ്ഥലം അനുവദിച്ചു. വാഹനം പാര്‍ക്ക് ചെയ്യാനായി പതിമൂന്ന് ഏക്കര്‍ അധിക സ്ഥലമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ക്ഷേത്ര നിര്‍മ്മാണത്തിനിടെ സാധനങ്ങള്‍ മറ്റും സൂക്ഷിക്കുന്നതിനായി പത്ത് ഏക്കര്‍ സ്ഥലം ഭരണകൂടം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള പൂജ്യ ബ്രഹ്മവിഹാരിദാസ് ആണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന് സൗജന്യമായി ദാനം ചെയ്ത 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മ്മാണം നടക്കുന്നത്.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. ശ്രീകൃഷ്ണന്, ശിവന്, അയ്യപ്പന് തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുണ്ടാവുക. 2020 ഓടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. 55,000 സ്ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത് അബുദാബി സര്‍ക്കാരാണ്.
എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്.
Discussion about this post