ദുബായ്: മനുഷ്യരെ ചൊവ്വയില്‍ എത്തിക്കാനൊരുങ്ങി യുഎഇ സമഗ്രരൂപ തയാറാക്കുന്നു. ചൊവ്വയില്‍ മനുഷ്യരെ എത്തിച്ച് ചെറുനഗരം യാഥാര്‍ത്ഥ്യമാക്കാനും യുഎഇ പദ്ധതിയിടുന്നു. 2021ല്‍ നടക്കുന്ന അല്‍ അമല്‍ എന്ന ചൊവ്വാ ദൗത്യത്തോടെ ഇതിന്റെ സുപ്രധാന ഘട്ടം പിന്നിടും. ഖലീഫ സാറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് യുഎഇ.
പുതിയ പദ്ധതിയിലൂടെ യുഎഇയുടെ വലിയ സ്വപ്‌നം പൂവണിയും. ചൊവ്വയിലെ വെല്ലുവിളികള്‍ അതിജീവിച്ച് മനുഷ്യജീവിതം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ദുബായ് ലക്ഷ്യം വയ്ക്കുന്നത്. കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സാഹചര്യം ചൊവ്വാ ജീവിതത്തിന് അനിവാര്യമായതിനാല്‍ അതിനായുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
എഴുപതിലേറെ സ്വദേശി ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അല്‍ അമല്‍ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ഇവരുടെ എണ്ണം 150 ആയി ഉയരും. മണിക്കൂറില്‍ 1,26,000 കിലോമീറ്റര്‍ വേഗത്തില്‍ 200 ദിവസം സഞ്ചരിച്ചാണ് 60 കോടി കിലോമീറ്റര്‍ ദൂരം പിന്നിട്ട് ചൊവ്വയെന്ന ലക്ഷ്യത്തിലെത്താന്‍ യുഎഇ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.