റിയാദ്: സൗദി അറേബ്യയില്‍ മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. ആറു വര്‍ഷം മുന്‍പ് അഞ്ച് തൊഴിലാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെയാണ് തലവെട്ടിയത്.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സഫ്വാ പട്ടണത്തിനു സമീപമുള്ള കൃഷിയിടത്തില്‍ വെച്ചാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാന്, കിളിമാനൂര്‍ സ്വദേശി അബ്ദുള്‍ കാദര്‍ സലിം, കല്‍ക്കുളം സ്വദേശി ലാസര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷെയ്ഖ്, കന്യാകുമാരി സ്വദേശി ബഷീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
2014 ഫെബ്രുവരിയില്‍ സ്വദേശി പൗരന് തന്റെ കൃഷിയിടത്തില്‍ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപതം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പോലീസെത്തി കൃഷിയിടം പൂര്‍ണമായി കിളച്ചു നോക്കിയതിനെതുടര്‍ന്നാണ് അഞ്ച് പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മദ്യത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്കി ബോധം കെടുത്തിയ ശേഷം അഞ്ച് പേരേയും ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു എന്ന് പ്രതികള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. കേസിലെ പ്രതികളായ യൂസഫ് ഹസന് മുത്വവ്വ, അമ്മാര്‍ അലി അല്‍ ദഹീം, മുര്‍തദ ബിന്‍ മുഹമ്മദ് മൂസാ എന്നീ സ്വദേശികളെയാണ് ഇന്ന് ഖത്തീഫില്‍ വധശിക്ഷക്ക് വിധേയമാക്കിയത്.
Discussion about this post