ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരെ! ഏഴു കോടിയും, ഔഡി കാറും ബിഎംഡബ്ല്യു ബൈക്കും സമ്മാനം; പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്ന പ്രവാസിയെ തേടിയും സമ്മാനം

അഭിഷേക് എടുത്ത 292 സീരിസിലെ 2582 എന്ന ടിക്കറ്റാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ അദ്ദേഹത്തിന് എത്തിച്ചത്.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ രൂപത്തില്‍ ഭാഗ്യദേവത വീണ്ടും ഇന്ത്യക്കാരെ തേടിയെത്തി. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. അഭിഷേക് കത്തേല്‍ എന്നയാള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളറാണ് ( ഏതാണ്ട് ഏഴു കോടിയില്‍ അധികം രൂപ) സമ്മാനം ലഭിച്ചത്. ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ലീപിക അലുവാലിയയ്ക്ക് ഔഡി കാറും 14 വയസ്സുള്ള ഫര്‍ഹാന്‍ ജാവേദ് ഖാന് ബിഎംഡബ്യു ബൈക്കുമാണ് സമ്മാനം.

അഭിഷേക് എടുത്ത 292 സീരിസിലെ 2582 എന്ന ടിക്കറ്റാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ അദ്ദേഹത്തിന് എത്തിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം യുഎഇ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂ ആണ്.

27 വയസ്സുള്ള ലീപികയ്ക്ക് ഔഡിയുടെ ആര്‍8 ആര്‍ഡബ്യുഎസ് വി10 കൂപ്പ കാര്‍ ആണ് സമ്മാനം ലഭിച്ചത്. 1708 സീരീസിലെ 0380 എന്ന നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ ശേഷം രണ്ടുമാസം മുന്‍പാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം ദുബായില്‍ എത്തിയത്. അസൈര്‍ബൈജാനിലേക്ക് ഹണിമൂണിന് പോകുമ്പോഴാണ് ഇവര്‍ ടിക്കറ്റ് എടുത്തത്.

റാഞ്ചിയില്‍ നിന്നുള്ള ഫര്‍ഹാന്‍ ജാവേദ് ഖാന്‍ എന്ന പതിനാലുകാരന്‍ ആണ് ബിഎംഡബ്യു ആര്‍ 1200 ജിഎസ് റാലി എഡിഷന്‍ ബൈക്ക് സ്വന്തമാക്കിയത്. 356 സീരീസിലെ 0323 എന്ന നമ്പറാണ് ഭാഗ്യവുമായി എത്തിയത്. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം പിതാവ് മുഹമ്മദ് ജാവേദ് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് മകന്റെ പേരില്‍ ടിക്കറ്റ് എടുത്തത്. അതില്‍ സമ്മാനവും ലഭിച്ചു. മുഹമ്മദ് ജാവേദിന് മുന്‍പും ദുബായ് ഡ്യൂട്ടി ഫ്രീയുടെ സമ്മാനം ലഭിച്ചിരുന്നു. 2008ല്‍ പോര്‍ഷെ കാര്‍ ആണ് ഇദ്ദേഹത്തിന് നറുക്കെടുപ്പില്‍ ലഭിച്ചത്.

Exit mobile version