മസ്‌കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കി. ഇതേ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന വിദേശികളായ ഫാര്‍മസിസ്റ്റുകളില്‍ പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കൂടുതല്‍ സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി.
ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ ഫാര്‍മസിസ്റ്റ് തസ്തികയില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വദേശികളായ ഫാര്‍മസിറ്റുകളെ പരീക്ഷ നടത്തി ജോലിക്കെടുത്തിരുന്നു. ഇവരില്‍ പലരും കഴിഞ്ഞ ആഴ്ച തന്നെ ജോലിയില്‍ പ്രവേശിച്ചതോടെയാണ് ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് ഫാര്‍മസിറ്റ് തസ്തികകളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അവസാന പ്രവൃത്തി ദിവസം ജൂണ്‍ രണ്ടായിരിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് പലര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ ഫാര്‍മസിസ്റ്റ് തസ്തികയില്‍ 95 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാകും. ബാക്കിയുള്ളവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുമെന്നാണ് സൂചന.