ജിദ്ദ: 250 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശിലേക്ക് നാടുകടത്താന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അല്‍ ജസീറയാണ് വാര്‍ത്ത ഇതുസംബന്ധിച്ച പുറത്തുവിട്ടത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഡാക്കയിലേക്കുള്ള വിമാനത്തില്‍ കയറ്റി അയക്കും എന്നാണു അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം സൗദി നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കുന്ന രണ്ടാമത്തെ റോഹിങ്ക്യന്‍ സംഘമാണിത്. ജിദ്ദയിലെ ഷുമൈസി ജയിലിലാണ് ഇവരെ ഇപ്പോള്‍ സൗദി ഭരണകൂടം പാര്‍പ്പിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് എത്തിയവരെയാണ് സൗദി പുറത്താക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ നയ്സാന്‍ ല്വിന്‍ പറഞ്ഞു. ഇവരില്‍ പലര്‍ക്കും റസിഡന്‍സ് പെര്‍മിറ്റുണ്ടെന്നും സൗദിയില്‍ നിയമപരമായി ജീവിക്കാന്‍ അവകാശമുള്ളവരാണെന്നും ല്വിന്‍ പറഞ്ഞു.
2011 മുതല്‍ റോഹിങ്ക്യക്കാര്‍ക്ക് സൗദി റസിഡന്‍സ് പെര്‍മിറ്റ് നല്‍കുന്നില്ല. സൗദിയില്‍ ഏകദേശം 300,000 റോഹിങ്ക്യര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
1982 മുതല്‍ മ്യാന്‍മാര്‍ ഭരണകൂടം പൗരത്വം റദ്ദാക്കിയ റോഹിങ്ക്യന്‍ സമൂഹത്തിന് രാജ്യത്ത് ജോലി ചെയ്യുന്നതിനും പഠിക്കാനും വിവാഹം കഴിക്കുന്നതിനും വോട്ടു ചെയ്യുന്നതിനുമെല്ലാം കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. മ്യാന്‍മാര്‍ സൈന്യത്തിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് റോഹിങ്ക്യന്‍ സമൂഹം മറ്റു രാജ്യങ്ങളില്‍ അഭയം തേടിയിട്ടുള്ളത്.