നിസ്സഹായ അവസ്ഥയില്‍ അമ്മ ആ മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കി.. അയാള്‍ തന്റെ ഇരുകൈകളും നീട്ടി, കയ്യിലുരുന്ന പൊന്നോമനയെ ഒരു സംശവും കൂടാതെ താഴേക്ക് എറിഞ്ഞു..! ഭാഷയ്ക്കുമപ്പുറം എന്തോ.. തീപിടുത്തത്തില്‍ നിന്ന് യുഎഇ ബാലനെ രക്ഷിച്ച ബംഗ്ലാദേശ് പൗരന് അഭിനന്ദന പ്രവാഹം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നിന്ന് മൂന്ന് വയസുകാരനെ രക്ഷിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം. തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിനായി അമ്മ താഴേക്കിടുകയായിരുന്നു. തടര്‍ന്ന് കുഞ്ഞ് താഴെ വാഴാതെ ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖ് താഴെ നിന്ന് പിടിക്കുകയായിരുന്നു. അതേസമയം ഈ കാഴ്ച കണ്ട് പലരും നോക്കിനിന്നെങ്കിലും ആരും മുന്നോട്ട് വന്നില്ല.

ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുട്ടിയുടെ ജീവന്‍ രക്ഷിച്ച മനുഷ്യനെ കഴിഞ്ഞ ദിവസം അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിച്ചു. തീ വിഴുങ്ങിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിനടുത്ത് നിന്ന് അമ്മ അലമുറയിട്ട് കരയുന്നത് കേട്ടപ്പോള്‍ ഓടിയെത്തുകയായിരുന്നു അദ്ദേഹം. തന്റെ സുഹൃത്തിനെ കാണാന്‍ മറ്റൊരിടത്തേക്ക് പോകുന്നതിനിടെയാണ് നിലവിളി കേട്ട് അദ്ദേഹം കെട്ടിടത്തിനടുത്തേക്ക് എത്തിയത്. നിരവധിപ്പേര്‍ യുവതിയെയും നോക്കി നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ അവരെ രക്ഷിക്കാനായി ആരും ഒന്നും ചെയ്തില്ല. ഇവിടെ എത്തിയപ്പോള്‍ ഇരുവരെയും രക്ഷപെടുത്തുന്നതിനായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് തനിക്ക് തോന്നി.

തുടര്‍ന്ന് ജനലിന്റെ നേരെ താഴേക്ക് ചെന്നു. മുറിയില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടുന്ന കുഞ്ഞിനെയും കൈയില്‍ പിടിച്ച് നിന്ന് അമ്മ ഒരു നിമിഷം തന്റെ മുഖത്തേക്ക് നോക്കി. താന്‍ രണ്ട് കൈയും വിടര്‍ത്തി കുഞ്ഞിനെ പിടിക്കാന്‍ നില്‍ക്കുന്നത് പോലെ ആംഗ്യം കാണിച്ചു. ഇതോടെ സ്ത്രീ കുഞ്ഞിനെ താഴേക്ക് ഇട്ടുതരികയായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാലും പിന്നില്‍ നിന്ന ജനങ്ങള്‍ കൈയടിക്കുന്നത് കേട്ടപ്പോഴാണ് കുട്ടി രക്ഷപെട്ടുവെന്ന് മനസിലായത്. ദൈവത്തിന് നന്ദി പറഞ്ഞു.

കുഞ്ഞിനെ രക്ഷിച്ചതിന് പിന്നാലെ അമ്മയും താഴെക്ക് ചാടി പക്ഷെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കെട്ടിടത്തിലെ ഒരു വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. ഇതിന്റെ അടുത്തുണ്ടായിരുന്ന റഫ്രിജറേറ്ററിലേക്കും തീപടര്‍ന്നു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

Exit mobile version