അമ്മയോടുള്ള മകന്റെ സ്നേഹത്തിന് മുന്നില്‍ അധികൃതരുടെ മനസ്സലിഞ്ഞു; സൗദിയില്‍ അനധികൃതമായി താമസിച്ച മലയാളിക്ക് പിഴ ഒഴിവാക്കി അധികൃതര്‍

വിസ കാലാവധി കഴിഞ്ഞെങ്കിലും വൃദ്ധയും രോഗിയുമായ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നതിനാലാണ് അനധികൃതമായി രാജ്യത്ത് തങ്ങിയതിന്റെ പേരില്‍ പിഴ ഒടുക്കേണ്ട സാഹചര്യമുണ്ടായത്.

റിയാദ്: വിസ കലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി താമസിച്ച മലയാളിക്ക് പിഴയില്‍ ഇളവനുവദിച്ച് സൗദി അധികൃതര്‍. വിസ കാലാവധി കഴിഞ്ഞെങ്കിലും വൃദ്ധയും രോഗിയുമായ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നതിനാലാണ് അനധികൃതമായി രാജ്യത്ത് തങ്ങിയതിന്റെ പേരില്‍ പിഴ ഒടുക്കേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍ അമ്മയെ പരിചരിക്കാനായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഇത് ഒഴിവാക്കി നല്‍കുകയായിരുന്നു.

സൗദിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷ് അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ അമ്മ ചന്ദ്രവല്ലിയെ 10 വര്‍ഷം മുന്‍പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. വിസിറ്റിങ് വിസയില്‍ അമ്മ വന്നുപോവുകയായിരുന്നു പതിവ്. അമ്മയെ പരിചരിക്കാന്‍ 53 വയസ്സുവരെ സന്തോഷ് വിവാഹം കഴിച്ചിട്ടാല്ലായിരുന്നു. അതിനാല്‍ സന്തോഷ് ജോലിക്ക് പോകുന്നതിന് മുമ്പ് അമ്മയ്ക്ക് വേണ്ടതെല്ലാം ഒരുക്കി വെയ്ക്കും. ഒരിത്തിരി സമയം കിട്ടുമ്പോള്‍ പോലും അമ്മയെ പരിചരിയ്ക്കാന്‍ ഒടിയെത്തുമായിരുന്നു.

ഇങ്ങനെയിരിക്കെ മൂന്ന് വര്‍ഷം മുന്‍പ് അമ്മയ്ക്ക് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച് ഒര്‍മ്മ ശക്തി നശിച്ചു. ഇതോടെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും നാട്ടിലേക്ക് പോകാന്‍ കഴിയാതെ വന്നു. ഇങ്ങനെയാണ് താമസം അനധികൃതമായതും 15,000 റിയാല്‍ പിഴയടക്കേണ്ട സാഹചര്യം വന്നതും.

ജോലി ചെയ്തിരുന്ന കമ്പനിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതോടെ എക്‌സിറ്റ് വാങ്ങി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും അമ്മയുടെ അനധികൃത താമസത്തിന് പിഴയടയ്‌ക്കേണ്ടത് പ്രതിസന്ധിയായി. സാമൂഹിക പ്രവര്‍ത്തകനായ ഷാജി വയനാടിന്റെ സഹായത്തോടെ അധികൃതര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി അപേക്ഷ നല്‍കുകയായിരുന്നു. വൃദ്ധയായ അമ്മയോടുള്ള സന്തോഷിന്റെ സ്‌നേഹം മനസിലാക്കിയ അധികൃതര്‍ ഈ തുക പൂര്‍ണമായി ഒഴിവാക്കി നല്‍കുകയായിരുന്നു. ഇനി നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ല. ഗള്‍ഫ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version