ന്യൂഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പിലാക്കി. നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഷഹ്‌സാദി ഖാന്റെ(33) വധശിക്ഷയാണ് നടപ്പാക്കിയത്.
ഫെബ്രുവരി 15നാണ് വധശിക്ഷ നടപ്പാക്കിയത്. ഇത് കഴിഞ്ഞ ഫെബ്രുവരി 28 നാണ് വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് ഷഹ്സാദി ഖാനെ യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്കെതിരെ മരിച്ച കുട്ടിയുടെ മാതാപിതാക്കളാണ് കേസ് നല്‍കിയത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്. തുടര്‍ന്ന് ഇവിടെ ഇന്ത്യന്‍ ദമ്പതികളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. അബുദാബി കോടതിയാണ് കേസില്‍ ഇവരെ ശിക്ഷിച്ചത്.