കുവൈത്ത് തീപിടുത്തം; പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബിടിസി കമ്പനി

പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബിടിസി കമ്പനി

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ 61 ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച സഹായധനം എന്‍ബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാര്‍ വീതമാണ് വിതരണം ചെയ്തത്.

പരിക്കേറ്റ ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 2 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. പരിക്കേറ്റവര്‍ നിലവില്‍ പ്രത്യേകം ഒരുക്കിയ താമസ കേന്ദ്രത്തിലാണുള്ളത്. കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്നിബാധയില്‍ മരിച്ചത്. 24 മലയാളികളാണ് ദുരന്തത്തില്‍ മരിച്ചത്.

അതേസമയം, തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറിയിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.

Exit mobile version