കുവൈത്ത് ദുരന്തം: 1.20 കോടി ധനസഹായം കൈമാറി യൂസഫലി

ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക.

തിരുവനന്തപുരം: കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ 1.20 കോടി രൂപ ധനസഹായമാണ് അദ്ദേഹം കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക.

എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്കും എം.എ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മരിച്ചവരുടെ വിവരങ്ങള്‍ നോര്‍ക്ക ലഭ്യമാക്കുന്നതനുസരിച്ച് ബാക്കിയുള്ള തുകയും നോര്‍ക്കയ്ക്ക് ഉടന്‍ കൈമാറും. കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്നിബാധയില്‍ മരിച്ചത്. 24 മലയാളികളായിരുന്നു അപടകത്തില്‍ മരിച്ചത്.

Exit mobile version