വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

റിയാദ്: ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും മരുഭൂമിയിലേക്ക് പോയ യുവാവ് വഴിതെറ്റി അലഞ്ഞുനടക്കുന്നതിനിടെ മരിച്ചു. സൗദി അറേബ്യയിലെ മരുഭൂമിയിലാണ് സംഭവം. സൗദി പൗരനായ യുവാവാണ് മരുഭൂമിയിൽ വഴിതെറ്റിയതോടെ കുടിവെള്ളം കിട്ടാതെ മരിച്ചത്. റിയാദ് പ്രവിശ്യയിലെ ശഖ്റാക്കിന് സമീപത്ത് ഉമ്മുഹസം അശൈഖിർ റോഡിൽ നിന്ന് 20 കിലോമീറ്റർ ദൂരെ അൽമുസ്തവി മരുഭൂമിയിൽ അരാംകോയ്ക്കു കീഴിലെ ഗ്യാസ് പമ്പിങ് സ്റ്റേഷന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മരുഭൂമിയിൽ കാണാതാകുന്നവർക്കു വേണ്ടി തിരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകളായ ഔൻ സൊസൈറ്റിയുടെയും ഇൻജാദ് സൊസൈറ്റിയുടെയും വളണ്ടിയർമാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

നിരവധി വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിന് ഒടുവിലാണ് യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്. ഞായറാഴ്ച മുതൽ തിരച്ചിൽ നടത്തുകയായിരുന്നു. മരുഭൂമിയിൽ അലഞ്ഞുനടന്നിരുന്ന യുവാവിന് മരങ്ങൾ വളരുന്ന ഗ്യാസ് പമ്പിങ് നിലയത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിക്കാനായിരുന്നു. ഇവിടെ മരത്തണലിൽ ഇരുന്ന് ക്ഷീണമകറ്റാൻ ഇദ്ദേഹം ശ്രമിച്ചതായി കാൽപാടുകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി.

ALSO READ-മരിച്ച സൈനികനോട് സേനയുടെ അനാദരവ്; മൃതദേഹം പൂവാറിലെ വീട്ടിലെത്തിച്ചത് ജീർണിച്ച അവസ്ഥയിൽ; ഏറ്റുവാങ്ങാൻ തയ്യാറായില്ല, പരാതിയുമായി ബന്ധുക്കൾ

കോമ്പൗണ്ടിന്റെ വേലിക്കു ചുറ്റും യുവാവ് നടന്നെങ്കിലും അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല, ഒടുവിൽ വെള്ളം ലഭിക്കാതെ വേലിയുടെ അടുത്ത് തളർന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് നിഗമനം. മരിച്ച യുവാവിന്റെ കാർ ഇതുവരെയും കണ്ടെത്തിയിട്ടില്ല. യുവാവിന്റെ വാഹനത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ബലിപെരുന്നാൾ ദിവസം യുവാവ് വീട്ടിൽ നിന്ന് പോതായിരുന്നു. പിന്നീട് യുവാവുമായുള്ള മൊബൈൽ ഫോൺ ബന്ധം നഷ്ടമായതിനെ തുടർന്ന് കുടുംബം സുരക്ഷാ സംഘടനയെ വിവരം അറിയിക്കുകയും തിരച്ചിൽ നടത്തുകയുമായിരുന്നു.

Exit mobile version