വീട്ടുകാരെ ഭയന്ന് നാട് വിട്ട സൗദി പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കും

കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ തായ്ലന്റ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായിരുന്നു. അഭയം നല്‍കുമെന്ന് കാനഡ അറിയിച്ചതോടെ ഇവരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്

റിയാദ്: ബന്ധുക്കളെ ഭയന്ന് നാടുവിട്ട സൗദി പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കും.
18 കാരിയായ റഹാഫ് മുഹമ്മദ് അല്‍ഖുനനാണ് ബന്ധുക്കളെ ഭയന്ന് നാട് വിട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ തായ്ലന്റ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായിരുന്നു. അഭയം നല്‍കുമെന്ന് കാനഡ അറിയിച്ചതോടെ ഇവരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

കുടുംബത്തോടൊപ്പം കുവൈറ്റ് സന്ദര്‍ശിക്കാനെത്തിയ റഹാഫ് അവിടെ നിന്നും ഒളിച്ചു രക്ഷപ്പെടുകയായിരുന്നു. തായ്‌ലാന്റില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി അവിടെ അഭയം തേടാനായിരുന്നു തീരുമാനം. എന്നാല്‍ തായ്‌ലന്റില്‍ വിമാനമിറങ്ങിയ ഉടനെ അവരെ അധികൃതര്‍ പിടിച്ചുവെക്കുകയായിരുന്നു.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നാടുവിട്ടത്. കുടുംബത്തില്‍ നിന്നുള്‍പ്പെടെ നേരിടുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഇവര്‍ ശബ്ദിച്ചിരുന്നു.

‘എന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും എന്നെ കുവൈറ്റില്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ എന്നെ കൊല്ലും. എന്റെ ജീവന്‍ അപകടത്തിലാണ്. അങ്ങേയറ്റം നിസാരമായ കാര്യത്തിന് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് എന്റെ കുടുംബം.’ എന്നാണ് റഹാഫ് പറഞ്ഞത്.

‘മാസങ്ങളായി ബന്ധുക്കള്‍ വീട്ടില്‍ പൂട്ടിയിട്ട് എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. അവര്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പഠനം തുടരാന്‍ അനുവദിക്കുന്നില്ല. ഡ്രൈവ് ചെയ്യാനോ യാത്ര ചെയ്യാനോ അനുവദിക്കാറില്ല. ജോലി ചെയ്യാനും ജീവിക്കാനും എനിക്ക് ഇഷ്ടമാണ്. ഒരുപാട് ആഗ്രഹമുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. പക്ഷേ ജീവിക്കുന്നതില്‍ നിന്നും കുടുംബം എന്നെ തടയുകയാണ്.’ എന്നും അവര്‍ പറഞ്ഞിരുന്നു.

തിരികെ കുവൈറ്റിലേക്കു തന്നെ നാടു കടത്താനുള്ള തായ് അധികൃതരുടെ ശ്രമം പെണ്‍കുട്ടി ബാരിക്കേഡുകള്‍ തീര്‍ത്ത് ചെറുത്തിരുന്നു.
സൗദി സര്‍ക്കാറിനുവേണ്ടിയാണ് തന്നെ തായ് അധികൃതര്‍ തടഞ്ഞതെന്നാണ് റഹാഫിന്റെ വാദം. ഇത് സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. തായ് എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് റഹാഫിനെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് സൗദി വാദം.

Exit mobile version