കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗാഫിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഇന്ത്യക്കാരുടെ ഉള്ളുലച്ച് മറ്റൊരു തീപിടിത്തം കൂടി. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കൂടുതൽ അപകടമുണ്ടാകാതെ അഗ്നിശമന സേനയ്ക്ക് തീയണയ്ക്കാനായി.
രക്ഷപ്പെടാനായി രണ്ടാം നിലയിൽനിന്ന് ചാടിയവർക്കാണ് പരുക്കേറ്റതെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് മഹബൊല 106ാം സ്ട്രീറ്റിലെ ബ്ലോക്ക് ഒന്നിലെ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്ന് തീപടർന്നത്. അഗ്‌നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വേയർഹൗസായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ALSO READ- ടൂറിസ്റ്റ് ബസുകൾക്ക് വെള്ളയിൽ നിന്നും മോചനം ലഭിക്കുന്നു; കളർകോഡ് സംവിധാനത്തിൽ ഇളവ് വന്നേക്കും
ബുധനാഴ്ച പുലർച്ചെ മംഗാഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികളടക്കം അമ്പത് പേർ മരിച്ചിരുന്നു. മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളം വഴി വീടുകളിലേക്ക് കൊണ്ടുപോയി. ഇതിന്റെ നോവിൽ നിന്നും മുക്തരാകും മുൻപെയാണ് വീണ്ടും തീപിടിത്ത വാർത്ത എത്തുന്നത്