കുവൈറ്റ് സിറ്റി: ഡ്യൂട്ടിക്ക് പോകാനായി നേരത്തെ എഴുന്നേൽക്കുന്ന ശീലമുള്ള അനിൽകുമാർ അന്ന് കണ്ണുതുറന്നത് ദുരന്തത്തിലേക്ക്. ഉണർന്നപ്പോൾ അസാധാരണമായ ചൂടും മുറിയിലെ പുകയും ആദ്യം അനിൽകുമാറിനേയും പരിഭ്രാന്തനാക്കി. എന്നാൽ അപകടം മനസിലാക്കിയതോടെ കൂട്ടുകാരെ കൂടി വിളിച്ചുണർത്തി രക്ഷപ്പെടാനാണ് അനിൽ ശ്രമിച്ചത്.
നാല് പേരെ രക്ഷിച്ചാണ് അനിൽ കുമാർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. കുവൈറ്റിലെ മംഗാഫിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടത് ഓർത്തെടുക്കുകയാണ് തിരുവല്ല സ്വദേശി അനിൽ കുമാർ. രണ്ടാം നിലയിൽ നിന്നാണ് അനിൽകുമാർ താഴേക്ക് പ്രാണരക്ഷാർഥം ചാടിയത്. ചാട്ടത്തിൽ കാലിനു പരിക്ക് പറ്റി ചികിത്സയിലാണ് അനിൽകുമാർ.
പുലർച്ചെ എഴുന്നേറ്റപ്പോഴാണ് തീപിടിച്ചെന്ന് അനിൽകുമാരിന് മനസിലായത്. ആദ്യം ശ്വസിച്ചപ്പോൾ തന്നെ ശ്വാസംമുട്ടലുണ്ടായി. ഉടൻ തന്നെ റൂമിലുള്ള പരമാവധി ആളുകളെ വിളിച്ചുണർത്തി രക്ഷപ്പെടാനുള്ള വഴി തേടി. താഴത്തെ നിലയിൽ നിന്നും തീ ആളുന്നതിനാൽ രക്ഷപ്പെടാനായി കോണിപ്പടി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ രണ്ടാം നിലയിൽ നിന്ന് പുറത്തേക്ക് ചാടാൻ തീരുമാനിക്കുകയായിരുന്നു.
ഈ വീഴ്ചയിൽ കാലിന് പരിക്കേറ്റു. കൂടെയുള്ള നാലുപേർ കൂടി രക്ഷപ്പെട്ടു. പക്ഷേ അപ്പോഴും കൂടെയുള്ള കൂടുതൽ ആളുകളെ രക്ഷിക്കാനായില്ലല്ലോ എന്ന സങ്കടത്തിലാണ് അദ്ദേഹം. അനിൽ കുമാർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 17 വർഷമായി കുവൈറ്റിലുണ്ട്. ഗാർമെന്റ് സെയിൽസ് മേഖലയിലാണ് ജോലി ചെയ്തുവരുന്നത്.