തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; ടെറസിലേക്കുള്ള വാതിൽ അടച്ചത് ദുരന്തത്തിന് ആക്കംകൂട്ടി; പൊള്ളലേറ്റ് മരിച്ചത് 2 പേർ മാത്രം;മറ്റ് മരണങ്ങൾ പുകശ്വസിച്ച്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫ് തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ ഷോർട്ട്‌സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അധികൃതർ. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈറ്റ് അഗ്‌നിരക്ഷാ സേന സ്ഥിരീകരിച്ചിരിക്കുന്നത്.

ദുരന്തം നടന്ന കെട്ടിടത്തിൽ ഫോറൻസിക് സംഘം ഉൾപ്പടെ വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈറ്റ് അഗ്‌നിശമനസേന പ്രസ്താവനയിൽ അറിയിച്ചു. ഫ്‌ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയെന്ന് ഫയർഫോഴ്‌സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു.

മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇത് വലിയ രീതിയിൽ പുകയുണ്ടാക്കി. ഉറങ്ങുകയായിരുന്ന പലരും പുക ശ്വസിച്ച് അബോധാവസ്ഥയിലായി. രക്ഷപ്പെടാനായി കോണിപ്പടി കയറി ടെറസിലേക്ക് പോയവരെ കുരുക്കിയത് വാതിൽ അടച്ചനലിയിലായതാണ്. വാതിൽ അടഞ്ഞുകിടന്നതിനാൽ ടെറസിലേക്ക് രക്ഷപ്പെടാനാകാതെ പലരും കോണിപ്പടിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു.

ALSO READ-കുവൈറ്റ് ദുരന്തം: മരണപ്പെട്ടവർക്ക് വിമാനത്താവളത്തിൽ അന്ത്യാഞ്ജലി; ആംബുലൻസിൽ ജീവനറ്റ് ജന്മദേശത്തേക്കുള്ള മടക്കയാത്രയിൽ അവർ

പുക അതിവേഗം മുകൾനിലയിലേക്കു പടർന്നുപിടിക്കുയും ചെയ്തു. ആറുനില കെട്ടിടത്തിൽ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേരാണ് ഇവിടെയുണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലുമായിരുന്നു. ക്യാംപിലുണ്ടായിരുന്നു. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചെന്നാണ് നിരീക്ഷണം.

തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വർധിപ്പിച്ചതെന്നും പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ്, ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നും എൻബിടിസി കമ്പനി പ്രതിനിധി അറിയിച്ചു.

Exit mobile version