കുവൈറ്റ്: ലോകത്തെ നടുക്കിയ കുവൈറ്റിലെ തൊളിലാളികളുടെ താമസസ്ഥലത്തെ തീപ്പിടിത്തതിൽ 50 പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി കുവൈറ്റ് ഭരണകൂടം. കെട്ടിട ഉടമ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതതായി റിപ്പോർട്ട്.
മംഗെഫ് ബ്ലോക്ക് നാലിലെ ആറുനില താമസക്കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ഈ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ, കെട്ടിട ഉടമ, കമ്പനിയിലെ ഉദ്യോഗസ്ഥൻ എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. താഴത്തെ നിലയിലെ ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചതാണ് തീ പടരാൻ കാരണമായത്.
പിന്നാലെ ഇവിടെ സൂക്ഷിച്ചിരുന്ന മറ്റ് പാചകവാതക സിലിൻഡറുകൾ കൂടി പൊട്ടിത്തെറിച്ചതോടെ കെട്ടിടത്തിന്റെ ആറ് നിലയിലേക്കും തീ പടരുകയായിരുന്നു. ദുരന്തത്തിൽ 24 മലയാളികൾ അടക്കം 50 പേരാണ് മരിച്ചത്.