കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചു; പ്രത്യേക ആംബുലൻസിൽ വീടുകളിലേക്ക് കൊണ്ടുപോകും

കൊച്ചി: കുവൈറ്റ് തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നും പ്രത്യേക ആംബുലൻസുകളിൽ കൊണ്ടുപോകും വീടുകളിലേക്ക്. വെള്ളിയാഴ്ച രാവിലെ 10.40-ഓടെയാണ് കുവൈറ്റിൽ നിന്നും വ്യോമസേനയുടെ വിമാനം കൊച്ചിയിലെത്തിയത്. അതേസമയം, ചികിത്സയിലായിരുന്ന ഒരാൾ കൂടി വെള്ളിയാഴ്ച രാവിലെ മരിച്ചതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി.

നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ അന്ത്യോപചാരം അർപ്പിക്കും. അധികസമയം ഇവിടെ പൊതുദർശനമുണ്ടാകില്ല. മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നെടുമ്പാശേരിയിൽ കുടുംബാംഗങ്ങൾക്ക് കാണാനും സൗകര്യമൊരുക്കുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിലാണ് വീടുകളിലേക്ക് കൊണ്ടുപോവുക. ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

തുടക്കത്തിൽ ഡൽഹിയിലേക്ക് വിമാനം എത്തിച്ച് ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനായിരുന്നു വിദേശകാര്യമന്ത്രാലയം ആലോചിച്ചത്. എന്നാൽ, ഏറ്റവും കൂടുതൽ പേർ കേരളത്തിൽനിന്നുള്ളവരായതുകൊണ്ട് നെടുമ്പാശ്ശേരിയിൽ എത്തിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് കത്തയയ്ക്കുകയായിരുന്നു.

23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരിയിൽ എത്തുന്നത്. 14 മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോവും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയിൽ സ്ഥിര താമസക്കാരനാണ്.

ALSO READ- നാടിന്റെ ഒന്നടങ്കം തീരാവേദനയായി നിതിന്റെ വിയോഗം, യാത്രയായത് അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങും ഉദ്യോഗസ്ഥരും വിമാനത്തിൽ അനുഗമിക്കുന്നുണ്ട്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിക്കും.

കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ച കെട്ടിടത്തിലാണ് ബുധനാഴ്ച പുലർച്ചെ അഗ്നിബാധയുണ്ടായത്. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണ്. ഇതിൽ 24 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version