തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തം പ്രവാസ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ 24 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പ്രവാസ ലോകത്തെ പ്രമുഖർ രംഗത്തെത്തി.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി യൂസഫലി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്.
നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതിനിടെ, സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും. കേന്ദ്രസർക്കാർ 2 ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
പരുക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തിരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും.
Discussion about this post