കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് നോർക്ക

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് നോർക്ക. മരിച്ചവരിൽ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോർക്ക റൂട്ട്സ് സിഇഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇവരുടെ കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കാനാകൂ. ഔദ്യോഗിക സ്ഥിരീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും 24 പേർ മരിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സർക്കാർ ചർച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് 27 പേരാണെന്നാണ് വിവരം. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. വിദേശകാര്യ സഹമന്ത്രി കെ.വി സിങ് കുവൈറ്റിൽ എത്തിയിട്ടുണ്ട്.

ALSO READ- ‘സുരേഷ് ഗോപി കോഴിക്കോടുവന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നു’; എയിംസ് വിഷയത്തിൽ വിമർശനവുമായി എംകെ രാഘവൻ

അപകടത്തിൽ 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ച പലരുടേയും മൃതദേഹം തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തും.

ഉറക്കത്തിനിടെയാണ് തീപിടിത്തമുണ്ടായത്. അതുകൊണ്ടുതന്നെ തീപ്പിടിത്തത്തെ തുടർന്നുണ്ടായ കറുത്തപുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. തീപ്പിടിത്തിനു പിന്നിൽ നിയമലംഘനങ്ങൾ കാരണമായിട്ടുണ്ടെന്ന് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു.

Exit mobile version