ആറ് വർഷമായി പ്രവാസി, രണ്ട് മാസം മുൻപ് നാട്ടിൽ നിന്നും മടങ്ങി; കുവൈറ്റിൽ മരണപ്പെട്ടവരിൽ കൂട്ടായി സ്വദേശി നൂഹും;തിരിച്ചറിഞ്ഞത് സഹോദരന്മാരുടെ തിരച്ചിലിൽ

മലപ്പുറം: കുവൈറ്റിൽ തൊഴിൽ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരിൽ മലപ്പുറം കൂട്ടായി സ്വദേശി നൂഹും. ആറ് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന കോത പറമ്പിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ പുരക്കൽ ഹംസയുടെ മകൻ നൂഹ് (42) ആണ് മരിച്ചത്.

നൂഹ് നാട്ടിൽ നിന്നും രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയത്. പിന്നീടാണ് തീപിടിത്തമുണ്ടായ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. അപകടവിവരം അറിഞ്ഞ് നൂഹിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന്, കുവൈറ്റിൽ തന്നെയുള്ള നൂഹിന്റെ രണ്ട് സഹോദരങ്ങന്മാർ അന്വേഷിച്ചിറങ്ങുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് ഇവർ നടത്തിയ അന്വേഷണത്തിൽ നൂഹിനെ തിരിച്ചറിഞ്ഞത്. നൂഹ് താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതൽ ബന്ധുക്കൾ ആശങ്കയിലായിരുന്നു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരങ്ങൾ നേരിട്ടെത്തി ദുരന്ത പ്രദേശത്ത് അന്വേഷണം നടത്തുകയായിരുന്നു.

also read- കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ചു; അച്ഛനും മകനും ദാരുണമരണം; അറസ്റ്റ്

പ്രവാസലോകത്തെ തന്നെ നടുക്കിയ വൻദുരന്തത്തിൽ ഇതുവരെയായി അമ്പതോളം പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 19 മലയാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗെഫിൽ ബുധനാഴ്ചയാണ് തൊഴിലാളികൾ താമസിച്ച ആറുനില കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്.

Exit mobile version