കുവൈറ്റ് തൊഴിലാളി ക്യാംപിലെ തീപിടിത്തം; 15 ഇന്ത്യക്കാരുൾപ്പടെ 49 മരണം; 36 പേരെ തിരിച്ചറിഞ്ഞു

കുവൈറ്റ്: കുവൈറ്റിലെ മലയാളി ഉയമസ്ഥതയിലുള്ള തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. പരിക്കേറ്റ 52-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ കൊല്ലം ഒയൂർ സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതുവരെ തീപിടിത്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പതിനാറുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്താനിൽ നിന്നും ഈജിപ്തിൽ നിന്നുള്ള ഒരാളും ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടും. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് പുലർച്ചയോടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞെത്തിയ ജീവനക്കാർ പുലർച്ചെ നല്ല ഉറക്കത്തിലായിരുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.

കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അനിൽ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കൽ പിള്ള, റോജൻ മടയിൽ, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാൾ), പ്രവീൺ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഷെബീർ, രജിത്ത്, അലക്‌സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയ മലയാളികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ- ‘മാധ്യമങ്ങൾക്ക് മുന്നിൽ കരയാൻ വീട്ടുകാർ നിർബന്ധിച്ചു; രാഹുലേട്ടന്റെ കൂടെ പോകാനാഗ്രഹം’; കഴുത്തിലെ പാട് ജന്മനാ ഉള്ളതെന്നും പന്തീരങ്കാവ് കേസിലെ പരാതിക്കാരി

കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം.കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയിലെ ഹെൽപ്പ്ലൈൻ നമ്പർ: +965-65505246.

Exit mobile version