കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം. 35 പേർ മരിച്ചതായാണ് പ്രാഥമികവിവരം. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മലയാളിയുടെ ഉടമസ്ഥതയിള്ള എൻ.ബി.ടി.സി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
മംഗഫ് ബ്ലോക്ക് നാലിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപടരാനുള്ള കാരണം വ്യക്തമായിട്ടില്ല. പുലർച്ചെ നാലുമണിക്ക് തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു എന്നാണ് വിവരം. മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസിക്കുന്ന ആറ് നില കെട്ടിടമാണിത്.
മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ പേരു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നാണ്. ജോലി കഴിഞ്ഞെത്തിയ ജീവനക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് തീ ആളിപ്പടർന്നത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പൊള്ളലേറ്റും ശ്വാസതടസം സംഭവിച്ചുമാണ് കൂടുതൽപേരും ചികിത്സയിലുള്ളത്. ഇവർക്ക് പുറമെ രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയവരും പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
പരിക്കേറ്റവർ അദാൻ, ജാബിർ, ഫർവാനിയ ആശുപത്രികളിൽ ചികിത്സയിലാണ്. അദാൻ ആശുപത്രിയിൽ 21 പേരും ഫർവാനിയ ഹോസ്പിറ്റലിൽ ആറു പേരെയും മുബാറക് ഹോസ്പിറ്റലിൽ 11 പേരെയും ജാബർ ഹോസ്പിറ്റലിൽ നാലു പേരെയും ുപ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കാര്യങ്ങൾ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രികളിൽ ആവശ്യമായ സൗകര്യം ഒരുക്കിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫൊറൻസിക് എവിഡൻസ് സംഘം കെട്ടിടത്തിൽ എത്തി പരിശോധന ആരംഭിച്ചു.