ദുബായ്: ദുബായ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് വന്‍ വരവേല്‍പ്പാണ് യുഎഇ നല്‍കിയത്. രാഹുലിന്റെ ദുബായ് സന്ദര്‍ശന ചിത്രങ്ങള്‍ സൈബര്‍ ലോകത്തിന്റെ കണ്ണുടക്കിയ ഒരു ചിത്രമുണ്ട്. രാഹുലിനൊപ്പം സെല്‍ഫിയെടുക്കുന്ന തട്ടമിട്ടൊരു മൊഞ്ചത്തി.
ഈ സെല്‍ഫി ചിത്രം രാഹുല്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ആരാണത് എന്ന് കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു സൈബര്‍ലോകം. യുഎഇ സ്വദേശിയായ യുവതിയാണെന്നും വിമാനത്താവള ജീവനക്കാരിയാണ് എന്നൊക്കെ അഭ്യൂഹങ്ങളും പ്രചരിച്ചു.
ഒടുവില്‍ ആ മൊഞ്ചത്തിയെ കണ്ടുപിടിച്ചിരിക്കുകയാണ്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഹസിന് അബ്ദുല്ലയാണ് സൈബര്‍ലോകം തിരഞ്ഞ വൈറല്‍ സെല്‍ഫിയിലുള്ളത്.
സഹോദരന് നൗഫല്‍ അബ്ദുല്ലയ്ക്കൊപ്പം രാഹുലിനെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും തിരക്കു കാരണം ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അനുവാദം വാങ്ങിയ ശേഷം കുടുംബത്തിനൊപ്പം രാഹുല്‍ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലില്‍ എത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ഈ ചിത്രം രാഹുലിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നോ ഇത്രയധികം ചര്‍ച്ചയാകുമെന്നോ കരുതിയിരുന്നില്ല.
സെല്‍ഫിയെടുക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി എടുത്തതാണെന്നായിരുന്നു ഹസിന് മനസിലാക്കിയിരുന്നത്. ദുബായില്‍ സഹോദരനൊപ്പം ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ് ഹസിന്.