കുവൈറ്റ് കെഎംസിസി യോഗത്തിനിടെ മുസ്ലിം ലീഗ് നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കടുത്തനടപടിയുമായി മുസ്ലിം ലീഗ്. കുവൈറ്റ് കെഎംസിസി ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ള ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. യോഗത്തിനിടെ ഷറഫുദ്ദീൻ കണ്ണോത്ത് വിഭാഗം ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് വിലയിരുത്തൽ.
യോഗത്തിനെത്തിയ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുവൈറ്റിലെത്തിയ പിഎംഎ സലാം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്.
ഇതേതുടർന്ന് യോഗം പിരിച്ചു വിട്ട് നേതാക്കൾ പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം, എന്നാൽ കയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ ജില്ലാ കമ്മറ്റികൾ രൂപീകരിക്കണമെന്ന ആവശ്യം നേതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഷറഫുദ്ദീൻ കണ്ണോത്തിന്റെ വിശദീകരണം,
നേരത്തെ മുതൽ പ്രശ്നങ്ങൾ പുകയുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈറ്റ് കെഎംസിസിയുടെ ചുമതലയുള്ള മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി എത്തിയിരുന്നെങ്കിലും പ്രശ്നങ്ങൾ തീർപ്പാക്കാനായില്ല.
also read- ആളില്ലാത്ത വീട്ടിൽ കവർച്ചയ്ക്കിടെ മയങ്ങിപ്പോയി; അയൽക്കാരുടെ ഇടപെടലിൽ കള്ളൻ പോലീസ് വലയിൽ
ഇതിനിടെ, കഴിഞ്ഞ റമസാനിൽ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിലും പരസ്യമായ വാക്ക് തർക്കമുണ്ടായതായും, പിന്നീട് കെഎംസിസി ഓഫീസിൽ ചിലർ അതിക്രമിച്ച് കടന്നു കയ്യേറ്റം നടത്തിയതായും പരാതിയുണ്ടായിരുന്നു.