റിയാദ്: ഒരിക്കലും മോചനമില്ലെന്ന് കരുതിയ കാരാഗ്രഹത്തിൽ നിന്നും തന്നെ പുറത്തെത്തിക്കാനായി ഒരു ലോകം തന്നെ പുറത്ത് കൈക്കോർക്കുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണീർവാർത്ത് അബ്ദുൾ റഹീം. 18 വർഷമായി ജയിലിൽ മരണം കാത്ത് കഴിയുന്ന തന്നെ രക്ഷിക്കാനായി എല്ലാ പ്രതിസന്ധികളും മറികടന്ന് മലയാളികൾ കൈക്കോർത്തതിന് നന്ദി പറയുകയാണ് അബ്ദുൾ റഹീം.
പെരുന്നാൾ ദിവസമാണ് റഹീമുമായി ഫോണിൽ ബന്ധപ്പെടാനായതെന്നാണ് എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി അറിയിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. അന്നേദിവസം വരെ 18 കോടി സമാഹരിച്ചെന്നറിയിച്ചപ്പോൾ റഹീം വിതുമ്പിയെന്നും അദ്ദേഹത്തിന് ജയിൽ മോചനത്തേക്കാളേറേ ആഹ്ലാദം നൽകിയത് തനിക്ക് വേണ്ടി ലോകം ഐക്യപ്പെട്ടത് അറിഞ്ഞാണെന്നും എംബസി വിവരം നൽകുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അബ്ദുൾ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ പൂർണമായും സമാഹരിച്ചത്. സൗദിയിലെ ഇന്ത്യൻ എംബസി വഴി പണം കൈമാറാനും മോചനത്തിനുമായുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്.
ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. തുടർന്ന് ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്പോൺസർ അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകൻ അനസ് അൽ ശഹ്രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.
റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചതു മുതൽ ജയിലിലാണ് അബ്ദുൾ റഹീം. മനഃപൂർവമല്ലാത്ത സംഭവമായിട്ടും ബാലന്റെ മാതാവ്, റഹീം മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് കോടതിയിൽ ഉറച്ചുനിന്നതോടെയാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് പിന്നാലെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം തയാറാവുകയായിരുന്നു.
റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി കവിഞ്ഞെന്നും പണം പിരിക്കുന്നത് അവസാനിപ്പിച്ചെന്നും അബ്ദു റഹീം നിയമ സഹായ ട്രസ്റ്റ് ചെയർമാൻ കെ സുരേഷ് കുമാറും ജനറൽ കൺവീനർ കെകെ ആലിക്കുട്ടിയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Discussion about this post