ദുബായ്: അമ്പത് കുട്ടികള്‍ക്ക് കൂടി പുതുജീവിതം സമ്മാനിച്ച് പ്രവാസി വ്യവസായി ഷംസീര്‍ വയലിന്റെ ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റിവ്. ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്ന വേളയിലാണ് കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്. ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ് എന്ന പേരില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്.
ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതി വഴി ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുതുജീവിതമേകി.
സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കും സഹായം എത്തിച്ചു. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയാണ് സൗജന്യ ചികില്‍സ ലഭ്യമാക്കിയത്. ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികള്‍ അവരുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. എം.എ.യൂസഫലിയുടെ മകള്‍ ഡോ.ഷബീന യൂസഫലിയുടെ ഭര്‍ത്താവാണ് ഡോ.ഷംസീര്‍ വയലില്‍.