‘ പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി ചലഞ്ച്’ ; റിയാദില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് ബിരിയാണി ചലഞ്ചുമായി മലയാളി സമൂഹം

റഹീമിന്റെ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദില്‍ രൂപവത്കരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.

റിയാദ്: 18 വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് സ്വദേശി അബ്ദുറഹീം. അദ്ദേഹത്തിന്റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ബിരിയാണി ചലഞ്ചുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് റിയാദിലെ മലയാളി പൊതുസമൂഹം. റഹീമിന്റെ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദില്‍ രൂപവത്കരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.

ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. റിയാദ് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവന്‍ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവര്‍ത്തകര്‍ സമീപിക്കും.

25 റിയാലാണ് ഒരു ബിരിയാണിയുടെ നിരക്ക്. ഒരാള്‍ മിനിമം അഞ്ച് ബിരിയാണി ഓര്‍ഡര്‍ ചെയ്യണം. മോചനശ്രമത്തിന് റിയാദിലെ മുഴുവന്‍ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.

മോചനദ്രവ്യമായി ആകെ വേണ്ടത് 34 കോടി രൂപയാണ് (1.5 കോടി റിയാല്‍). പണം കെട്ടിവെച്ച് മോചനത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഒരു ജീവകാരുണ്യപ്രവര്‍ത്തനമായി കണ്ട് ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന് നിയമസഹായ സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Exit mobile version