കാസര്‍കോട്: ജീവിതം പച്ചപിടിപ്പിച്ച നാടിന് ജീവനും സമര്‍പ്പിച്ച് മലയാളി യുവാവിന്റെ മാതൃക. കാസര്‍കോട് സ്വദേശിയായ രതീഷ് ആണ് പോറ്റമ്മയായ യുഎഇയ്ക്ക് ജീവനും സമര്‍പ്പിച്ച് നന്ദിയറിയിച്ചത്. യുഎഇയില്‍ വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച ചാമുണ്ഡിക്കുന്നിലെ പിആര്‍ രതീഷ് (34) പ്രവാസ ലോകത്തും നന്മയുടെ മാതൃകയായിരിക്കുകയാണ്. അഞ്ച് പേര്‍ക്ക് ജീവിതം നല്‍കിയാണ് രതീഷ് മാതൃകയായിരിക്കുന്നത്. രതീഷിന്റെ ഹൃദയം, വൃക്കകള്‍, കരള്‍, ശ്വാസകോശം എന്നിവ പകുത്തുനല്‍കിയിരിക്കുകയാണ്.
ഫെബ്രുവരി 28-ന് ദുബായിലാണ് രതീഷിന് അപകടം സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ചരക്കുലോറിയിടിച്ച് ദുബായി എന്‍എംസി ആശുപത്രിയിലായി. തലയ്ക്ക് ഗുരുതരപരിക്ക് പറ്റിയതിനാല്‍ രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. മാര്‍ച്ച് അഞ്ചിന് ഡോക്ടര്‍മാരുടെ സംഘം മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് യുഎഇ ആരോഗ്യമന്ത്രാലയം രതീഷിന്റെ ആരോഗ്യസ്ഥിതിയും അവയവദാനത്തിന്റെ പ്രാധാന്യവും കുടുംബത്തെ ധരിപ്പിച്ചു.
നഴ്‌സ് കൂടിയായ സഹോദരി രമ്യ അവയവദാനത്തിന് സമ്മതമറിയിച്ചു. അബുദാബിയിലെ ക്ലിവലന്റ് ക്ലിനിക്കില്‍ 13-ന് യു.എ.ഇ. സമയം രാവിലെ ഏഴിന് നടന്ന ശസ്ത്രക്രിയയില്‍ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പെടുത്തി. പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ ഹൃദയവും മറ്റ് അവയവങ്ങളും യു.എ.ഇയിലെ വിവിധ ആശുപത്രികളിലെത്തിച്ചു.
ജോസഫ് അഡ്വര്‍ടൈസിങ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി 10 വര്‍ഷം മുന്‍പാണ് രതീഷ് ദുബായിലെത്തിയത്. അതിനിടയില്‍ നാട്ടിലെ 10 പേര്‍ക്ക് രതീഷ് ദുബായിയില്‍ ജോലി ശരിയാക്കി നല്‍കി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. പിന്നീട് അമ്മ പുഷ്പമണിക്കും സഹോദരിക്കും വേണ്ടി പഠനം ഉപേക്ഷിച്ച് നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്തു. അതിനിടെ സഹോദരിയുടെ വിവാഹം, വീട് എന്നിവയ്ക്കായി വലിയ കടബാധ്യത വന്നു. അങ്ങനെ വലിയ സ്വപ്നങ്ങളുമായി കടല്‍ കടന്നു. വീടും പറമ്പും ജപ്തിചെയ്യാന്‍ ബാങ്കില്‍ നിന്ന് നടപടി തുടങ്ങിയ സമയത്ത് രതീഷിന് സംഭവിച്ച അപകടം കുടുംബത്തിന് ഇരട്ടപ്രഹരമായിരിക്കുകയാണ്.