അബുദാബി: താമസസ്ഥലത്ത് നിന്നും രണ്ടു ദിവസം മുൻപ് കാണാതായ മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസാ(55)ണ് മരിച്ചത്.
സുൽഫാഉൽ ഹഖ് സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. വർഷങ്ങളായി യുഎഇയിൽ വ്യവസായം നടത്തുന്ന സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ജീവിച്ചുവരികയായിരുന്നു. കുടുംബവും അബുദാബിയിലാണ്.
അബുദാബി നഗരത്തിൽ ഹൈപ്പർമാർക്കറ്റ് വിജയകരമായി നടത്തിവരുന്നതിനിടെയാണ് അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്ററന്റ് തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാവുകയും രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങുകയുമായിരുന്നു.
also read- കൂട്ടുകാര്‍ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തി, ബിഡിഎസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു
പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുൽ റഹ്‌മാൻ പൊതിരകത്ത്-പിടിപി ഷാഹിദ ദമ്പതികളുടെ മകനാണ്. ഷീബ റിയാസാണ് ഭാര്യ. മക്കൾ:റിഷിൻ റിയാസ്, റിഷിക റിയാസ്.