റിയാദ്: സൗദിയിലെ ദമ്മാമില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവാവിന് ഹൃദയാഘാതം ഉണ്ടായത്. വര്‍ക്കല അയിരുര്‍ കിഴക്കേപ്പുറം സ്വദേശി ഷിബിന്‍ മന്‍സിലില്‍ നഹാസ് മുഹമ്മദ് കാസിം(43) ആണ് മരിച്ചത്. കാസിമിന്റെ മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിക്കുകയും. ശേഷം കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കുകയും ചെയ്തു.
അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥെന്റ വീട്ടില്‍ ഡ്രൈവറായിരുന്ന നഹാസ് ഫെബ്രുവരി 10 നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് അന്ന് രാത്രി 12നുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. അതിന് നാലുദിവസം മുമ്പ് നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും എക്‌സലേറ്ററില്‍ മറിഞ്ഞുവീണ് മുഖത്ത് പരിക്കേറ്റതിനാല്‍ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്ചയില്‍ പൊട്ടിയ ചുണ്ടിന് ശസ്ത്രക്രിയ നടത്തി യാത്രചെയ്യാന്‍ കഴിയുന്ന സ്ഥിതിയായപ്പോഴാണ് വീണ്ടും ടിക്കറ്റ് ശരിയാക്കിയത്. രണ്ട് വര്‍ഷം മുമ്പ് മൂത്തമകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു നഹാസ്. അതുകൊണ്ട് തന്നെ തൊഴിലുടമയും സുഹൃത്തുക്കളും പ്രത്യേകം കരുതല്‍ നല്‍കിയിരുന്നു. സുഹൃത്തുക്കള്‍ എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു.
യാത്ര ചെയ്യേണ്ട ദിവസം ഇദ്ദേഹം പകല്‍ ഉറങ്ങാന്‍ കിടന്നതിനാല്‍ ശല്യപ്പെടുത്താതെ വിമാനത്താവളത്തിലേക്ക് പോകാന്‍ സമയമാകുമ്പോള്‍ വരാമെന്ന ധാരണയില്‍ സുഹൃത്തുക്കള്‍ സ്വന്തം താമസസ്ഥലങ്ങളിലേക്ക് പോവുകയായിരുന്നു. സമയമായപ്പോള്‍ സുഹൃത്തുക്കള്‍ വന്നുനോക്കുമ്പോള്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അരാംകോ മെഡിക്കല്‍ സംഘം പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് മൃതദേഹം നാട്ടിലെത്താന്‍ ഒരു മാസത്തോളം സമയമെടുത്തത്.
Discussion about this post