ദുബായ്: ഇന്റര്‍വ്യൂവിനായി എത്തിയ 28കാരിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിന് ദുബായ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 39 കാരനായ ബംഗ്ലാദേശ് ബിസിനസുകാരനാണ് ശിക്ഷ വിധിച്ചത്.ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയില്‍ നിന്ന് 4000 ദിര്‍ഹവും 1800 ദിര്‍ഹം വിലവരുന്ന ആഭരണവും മോഷ്ടിച്ചത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ബിസിനസുകാരനെ യുവതി പരിചയപ്പെട്ടത്. തനിക്കൊരു കടയുണ്ടെന്നും അവിടേക്ക് ജീവനക്കാരിയെ ആവശ്യമുണ്ടെന്നും ഇയാള്‍ പറഞ്ഞു. യുവതി താല്‍പര്യം അറിയിച്ചപ്പോള്‍ പിറ്റേദിവസം ഇന്റര്‍വ്യൂവിന് വരാന്‍ നിര്‍ദ്ദേശിച്ച് വിലാസം നല്‍കുകയായിരുന്നു.
വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘ഇന്റര്‍വ്യൂ’ തുടങ്ങിയപ്പോള്‍ അയാള്‍ തന്റെ സ്വാഭാവം മാറ്റി. ഫ്‌ലാറ്റിലുള്ള സ്ത്രീകളെ പോലെ വേശ്യാവൃത്തി ചെയ്യണമെന്നും അങ്ങനെ പണം സമ്പാദിക്കാമെന്നുമായി വാഗ്ദാനം. തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് പോകാന്‍ ശ്രമിച്ചപ്പോഴാണ് വാതില്‍ പൂട്ടിയിരിക്കുന്നുവെന്ന് മനസിലായത്. തന്നെ കടന്നുപിടിച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കൈവശമുള്ള പണവും ആഭരണവും കൈക്കല്ലാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇതിനിടെ യുവതി പോലീസിനെ വിളിച്ചതോടെ ഇയാള്‍ പരിഭ്രാന്തനായി. മുറിയില്‍ നിന്ന് പുറത്തിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും യുവതി കെട്ടിടത്തിന്റെ താഴെ വരെ പ്രതിയെ പിന്തുടര്‍ന്നു. ബര്‍ദുബായ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ മൂന്നിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിചാരണയില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.