ദുബായ്: തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ലെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം. തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണെന്നും അല്ലാതെ തൊഴിലുടമയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ച് ആരെങ്കിലും തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചാല്‍ ആറു മാസം വരെ തടവോ 20,000 ദിര്‍ഹം പിഴയോ ആണ് ശിക്ഷ ലഭിക്കുക.
വിസ സ്റ്റാംപ് ചെയ്യാന്‍ വേണ്ടി മാത്രം പാസ്പോര്‍ട്ട് കമ്പനിക്ക് കൈമാറാം. പാസ്പോര്‍ട്ട് എമിഗ്രേഷനില്‍ സമര്‍പ്പിച്ച് വിസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികള്‍ക്ക് തിരിച്ചുനല്‍കണം. പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴില്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ വ്യക്തിക്ക് അധികാരമുണ്ടെന്നും മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. വേഗത്തില്‍ പരിഹരിക്കുന്നതിനായി അര്ജന്റ് കേസ് ഫയല്‍ചെയ്യാം. പാസ്പോര്‍ട്ട് തിരികെ നല്കാന് ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്പോര്‍ട്ട് പിടിച്ചുവച്ചയാളില്‍നിന്നും ഈടാക്കും.
പോലീസാണ് കമ്പനിയില്‍ നിന്ന് പാസ്പോര്‍ട്ട് വാങ്ങി നല്‍കുക. പാസ്പോര്‍ട്ട് പണയം വയ്ക്കലും നിയമവിരുദ്ധമാണ്. സാമ്പത്തിക ഇടപാടിന് ഈടായി പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും വാങ്ങിവയ്ക്കുന്ന പ്രവണതയും അതീവ കുറ്റകരമാണെന്നും നിയമവിദഗ്ധര്‍ പറഞ്ഞു.
Discussion about this post