അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും മാര്‍ച്ച് ഒന്നിന് മാത്രമേ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുകയുള്ളൂ. ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക.
2017ല്‍ മോഡി തന്നെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. 700 കോടി ചെലവില്‍ 27 ഏക്കര്‍ വിസ്തൃതിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വാസ്തുവിദ്യാ വിസ്മയത്തില്‍ 3,000 ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്രാര്‍ത്ഥനാ ഹാള്‍, കമ്മ്യൂണിറ്റി സെന്റര്‍, എക്സിബിഷന്‍ ഹാള്‍ തുടങ്ങി വിവിധ സൗകര്യങ്ങളുണ്ട്. 1.80 ലക്ഷം ക്യുബിക് അടി പിങ്ക് രാജസ്ഥാന്‍ മണല്‍ക്കല്ലുകള്‍, 50,000 ക്യുബിക് അടി ഇറ്റാലിയന്‍ മാര്‍ബിള്‍, 18 ലക്ഷം ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ചാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
ആത്മീയതയ്ക്കപ്പുറം, ക്ഷേത്ര സമുച്ചയം ഒരു സാംസ്‌കാരിക കേന്ദ്രമായും പ്രവര്‍ത്തിക്കും. സന്ദര്‍ശന കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, വിദ്യാഭ്യാസ ഇടങ്ങള്‍, കായിക സൗകര്യങ്ങള്‍, തീമാറ്റിക് ഗാര്‍ഡനുകള്‍ എന്നിവയും ക്ഷേത്ര സമുച്ചയത്തിലുണ്ട്.