അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള് എന്നിവയുടെ ഇന്റര്‍ലിങ്കിങ് എന്നിങ്ങനെ എട്ടോളം ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
പേയ്മെന്റ് പ്ലാറ്റ്ഫോമുകളായ യുപിഐയും യുഎഇയുടെ എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കറന്‍സി ഇടപാടുകള്‍ സുഗമമാകും.
ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ധാരണാപത്രം രണ്ടു രാജ്യങ്ങളിലെയും നിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജ മേഖലയില്‍ സഹകരണം സാധ്യമാക്കുന്ന വൈദ്യുതി ഇന്റര്കണക്ഷന്, വ്യാപാര മേഖലയിലെ സഹകരണത്തിനായും ധാരണാപത്രം കൈമാറി.
ഇന്ത്യ-മിഡില്‍ ഈസ്റ്റ് ഇക്കണോമിക് കോറിഡോര്‍ സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു ഇന്റര്‍ ഗവണ്മെന്റല് ഫ്രെയിംവര്‍ക്ക് കരാറും ഒപ്പുവച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലെ സഹകരണത്തിനുള്ള കരാര്‍, പൈതൃക, മ്യൂസിയം മേഖലകളിലെ സഹകരണത്തിന് ഊന്നല്‍ നല്കുന്ന ധാരണാപത്രം എന്നിവയും ഒപ്പുവെച്ചു.
ALSO READ ആലുവ അപകടം: കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയില്‍
അതേസമയം, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്രമോഡി യുഎഇയിലെത്തിയത്. യുഎഇയിലെത്തിയ മോഡിയ്ക്ക് ഗംഭീര സ്വീകരണമാണ് യുഎഇയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയത്. അബുദബിയിലെ സായിദ് സ്റ്റേഡിയത്തില്‍ നടന്ന അഹ്ലന് മോഡി പരിപാടിയില്‍ മോഡി പങ്കെടുത്തു.
Discussion about this post