അഹ്‌ലന്‍ മോഡി വൈകീട്ട് അബുദാബിയില്‍; പങ്കെടുക്കുക 65,000പേര്‍; ക്ഷേത്രോദ്ഘാടനവും യുഎഇ ഭരണാധികാരികളുമായി ചര്‍ച്ചയും ബുധനാഴ്ച

അബുദാബി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച യുഎഇയില്‍. ഇത് മോഡിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണ്. മോഡിയുടെ സന്ദര്‍ശനത്തില്‍ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അബുദാബിയിലെ ക്ഷേത്രോദ്ഘാടനവും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യലും പരിപാടികളില്‍ ഉള്‍പ്പെടുന്നു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി മോഡി ചര്‍ച്ച നടത്തും. വിവിധപ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ചര്‍ച്ചകളുണ്ടാകും. ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ളപങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നരേന്ദ്രമോഡി യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യുന്ന അഹ്ലന്‍ മോദി സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 6.30-ന് അബുദാബി സായിദ് സ്റ്റേഡിയത്തില്‍ നടക്കും. 65,000-ത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി.

ALSO READ- കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കൂട്ടിലാക്കി

150-ലേറെ ഇന്ത്യന്‍ സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പരിപാടിക്കെത്തും. 90 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളും അരങ്ങേറും.

പിന്നാലെ , ബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമര്‍പ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കര്‍മങ്ങള്‍ക്ക് നേതൃത്വംനല്‍കും.

Exit mobile version