അത്തോളി: ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ട്രോക്ക് വന്ന് കുഴഞ്ഞുവീണ് മരണപ്പെട്ട അത്തോളി സ്വദേശി കൊങ്ങന്നൂര്‍ കിഴക്കേക്കര താഴെ കുന്നുമ്മല്‍ മോഹനന്റെ മകന്‍ കെ മനേഷിന്റെ (മിഥുന്‍ – 33) കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് സഹപ്രവര്‍ത്തകര്‍. ജിദ്ദ എയര്‍പോര്‍ട്ടില്‍ സൗദി എയര്‍ലൈന്‍സ് ഗ്രൗണ്ട് സര്‍വീസ് കമ്പനിയില്‍ ഓപ്പറേറ്റര്‍ ജോലിക്കിടെ ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മനേഷിന്റെ അപ്രതീക്ഷിത മരണം.
ജിദ്ദ എയര്‍പോര്‍ട്ടിലെ സൗദി എയര്‍ലൈന്‍സ് ഗ്രൗണ്ട് സര്‍വീസ് കമ്പനിയില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്‌നേഹത്തണല്‍ വാട്‌സാപ്പ് ഗ്രൂപ്പ് ആണ് തുക സമാഹരിച്ചത്. രതീഷ് പൊന്നാനി, സുജിത് തിരുവനന്തപുരം, സനു അന്നശ്ശേരി, മുസ്തഫ കൊണ്ടോട്ടി, ഷാഫി കാസറഗോഡ്, ഇര്‍ഫാന്‍ മലപ്പുറം, നിര്‍ഷാദ് കോഴിക്കോട്, കണ്ണന്‍, ബിജു, നസറുദ്ദിന്‍ തുടങ്ങിയവരാണ് തുക സമാഹരിക്കാന്‍ നേതൃത്വം നല്‍കിയത്. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, എംഎല്‍എ ജമീല കാനത്തില്‍, വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സഹായധനം കൈമാറിയത്.
സ്‌ട്രോക്ക് വന്ന് 10 ദിവസം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു 33കാരന്റെ അന്ത്യം. കൃത്യമായ പ്രാഥമിക ചികിത്സ വൈകിയതും തുടര്‍ന്നുള്ള സര്‍ജറി വൈകിയതുമാണ് മനേഷ് മരണത്തിന് കീഴടങ്ങാന്‍ കാരണമെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. 2015 ലാണ് മനേഷിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കുന്നത്. 2 വര്‍ഷത്തെ ഇടവേളകളില്‍ രണ്ട് തവണ നാട്ടില്‍ വന്ന് മൂന്നാം തവണ കോവിഡ് സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 1നാണ് നാട്ടില്‍ നിന്നും അതേ കമ്പനിയില്‍ ജോലി ഉറപ്പിച്ച് ജിദ്ദയില്‍ എത്തുന്നത്.
ഒക്ടോബര്‍ 1 ന് കൂട്ടുകാര്‍ക്കൊപ്പം 33 -ാം ജന്മദിനവും ആഘോഷിച്ചാണ് നാട്ടില്‍ നിന്നും പോയ യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. കിഴക്കേക്കര മോഹനന്‍ ആണ് മനേഷിന്റെ അച്ഛന്‍. അമ്മ പുഷ്പ. ഭാര്യ അനഘ. ഏക മകന്‍ വിനായക്.