തോമസ് കോയാട്ട്/
ഗ്ലോബല്‍ പ്രസിഡന്റ് ഭാരതീയ പ്രവാസി ഫെഡറേഷന്‍
പ്രവാസി പണം ഏറ്റവും കൂടുതല്‍ ഒഴുകുന്ന രാജ്യം ഇന്ത്യയാണെന്ന ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. തീര്‍ച്ചയായും പ്രവാസികള്‍ക്ക് അതിലഭിമാനിക്കാം. എന്നാല്‍ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ എന്തെങ്കിലും അവസരം പ്രവാസികള്‍ക്ക് ലഭിക്കുന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. അതിലേറ്റവും വലിയ ഉദാഹരണമാണ് വോട്ടുചെയ്യാനുള്ള അവകാശം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന പ്രവാസികള്‍ക്ക് ജനാധിപത്യത്തിന്റെ ഭാവിയില്‍ പങ്കുവഹിക്കാനുള്ള അവസരം ലഭിക്കുന്നില്ല എന്നത് ഏറെ ദുഖകരമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യ ഏറ്റവും നിര്‍ണ്ണായകമായ പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുമ്പോള്‍ പ്രവാസികള്‍, രാജ്യത്തെ ഭരണകൂടത്തെ നിര്‍ണ്ണയിക്കുന്നതില്‍ നിന്നും നിഷ്‌കാസിതരാകുന്ന സാഹചര്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്.
1913ല്‍ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന് നേതൃത്വം നല്‍കണം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പ്രഥമ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സംഘടന പ്രവാസികളുടെ സംഭാവനയായിരുന്നു . അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ വെച്ച് ലാലാ അഹൃദ്ധയാലും, ബാബ സോഹന്‍ സിംഗ് ബക്കറിന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ട ഗദ്ദര്‍ പാര്‍ട്ടി. കര്‍ത്താര്‍ സിങ് സരഭയെ പോലുള്ള വിപ്ലവകാരികള്‍ രക്തസാക്ഷികള്‍ ആയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലാണ്. സ്വാതന്ത്ര്യസമരത്തിലും, സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചരാണ് ഇന്ത്യന്‍ പ്രവാസികള്‍. എന്നാല്‍ ലോകത്തെ തൊണ്ണൂറ്റി നാല് രാജ്യങ്ങളില്‍ പ്രവാസി പൗരന്മാര്‍ക്ക് അതാത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ വോട്ടവകാശം അനുവദിക്കുമ്പോള്‍ ഒന്നരക്കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അത് നിഷേധിക്കപ്പെടുന്നു. തുച്ഛമായ പ്രവാസി വോട്ടിനായി രാജ്യം വലിയ തുക ചിലവഴിക്കേണ്ടി വരും എന്നാണ് പലരും ചൂണ്ടികാട്ടുന്നത്. ദശലക്ഷ കണക്കിന് കോടി രൂപയുടെ ഇടപാട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ട്രാന്‍സ്ഫര്‍ നടക്കുന്ന സമയത്താണ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഡിജിറ്റല്‍ വോട്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരിക്കുന്നത്.
പ്രവാസികളുടെ പണം വേണം, പ്രവാസികളെ വേണ്ട എന്ന നയം തന്നെയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെത്തിച്ചേരുന്ന പ്രവാസി പണം സംബന്ധിച്ച ലോക ബേങ്കിന്റെ പുതിയ അവലോകന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതനുസരിച്ച് 2023ല്‍ 12,500 കോടി ഡോളര്‍ ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് ലോക ബേങ്കിന്റെ വിലയിരുത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ശതമാനം കൂടുതലാണത്. ജി ഡി പിയുടെ 3.4 ശതമാനം വരുമിത്. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ വളര്‍ച്ച 78.5 ശതമാനമാണ്. 7,038 കോടി ഡോളറായിരുന്നു 2013ലെത്തിയ പ്രവാസി പണം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണത്തിന്റെ 66 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്. യു എ ഇയും ഇന്ത്യയുമായുള്ള ഇടപാടുകളില്‍ കറന്‍സി ഉപയോഗിക്കാമെന്ന 2023 ഫെബ്രുവരിയിലെ ഉഭയകക്ഷി കരാറാണ് പ്രവാസി പണത്തിന്റെ വരവ് വര്‍ധിക്കാന്‍ മുഖ്യ കാരണമെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. അടുത്ത വര്‍ഷവും പ്രവാസപ്പണത്തിലെ വളര്‍ച്ച തുടരും. എട്ട് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 13,500 കോടി ഡോളര്‍ (11.23 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം രാജ്യത്തിന് ഇത്തരത്തില്‍ വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് എന്താണ് തിരിച്ചുനല്‍കുന്നത് എന്നതും പരിശോധിക്കേണ്ടതാണ്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ഉള്‍പ്പെടെ പ്രത്യേക പാക്കേജ്, അറുപത് കഴിഞ്ഞവര്‍ക്ക് ക്ഷേമപെന്‍ഷന്‍, പ്രവാസി വോട്ടവകാശം, വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങി പ്രവാസികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (കഇണഎ) എന്ന പേരില്‍ ഒരു ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട് 2009ല്‍ കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാനുള്ളതാണിത്. എന്തിനെല്ലാമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരെ വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കുകയാണ് അതിലൊന്ന്. എന്നാല്‍ ഇന്ത്യക്കാര്‍ പ്രവാസ ലോകത്ത് പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴെല്ലാം ആ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ് പ്രൈം മിനിസ്റ്റേഴ്‌സ് കെയര്‍ ഫണ്ട്. സഹസ്ര കോടികളാണ് ഈ ഫണ്ടിലേക്കെത്തിയത്. പ്രവാസികളുടേതാണ് ഇതില്‍ നല്ലൊരു പങ്കും. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും ഉപേക്ഷിച്ചും പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അവരുടെ തുണക്കെത്തിയില്ല. പ്രൈം മിനിസ്റ്റേഴ്‌സ് കെയര്‍ ഫണ്ട് ഈ ആവശ്യത്തിന് വിനിയോഗിച്ചില്ല. സ്വന്തം പണം മുടക്കിയും പ്രവാസിക്കൂട്ടായ്മയുടെ സഹായത്തോടെയുമാണ് അവര്‍ നാടണഞ്ഞത്. പ്രവാസികള്‍ക്ക് കേന്ദ്ര ഫണ്ടില്‍ നിന്ന് പണം മുടക്കാന്‍ വിസമ്മതം കാണിക്കുന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത കോര്‍പറേറ്റുകളുടെ സഹസ്ര കോടികള്‍ ഓരോ വര്‍ഷവും എഴുതിത്തള്ളുന്നത് എന്നതും കൂട്ടിവായിക്കണം.
കേരള-ഗള്‍ഫ് സെക്ടറുകളില്‍ അമിത നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. അവധിക്കാലത്തും ഉത്സവ സീസണിലും തീവെട്ടിക്കൊള്ളയാണ് നടക്കന്നത്. ഇത് നിയന്ത്രിക്കാനും ന്യായമായ വിമാന നിരക്ക് ഉറപ്പ് വരുത്താനും പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ വിഷയം കേരള എം പിമാര്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് വ്യോമയാന മന്ത്രി പറഞ്ഞത്.