ഷാർജ: പുതുവർഷത്തെ വരവേൽക്കാൻ ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും വേണ്ടെന്ന് വിലക്കി ഷാർജ ഭരണകൂടം. നഗരത്തിൽ പുതുവർഷരാവിൽ സംഘടിപ്പിക്കാനിരുന്ന എല്ലാ ആഘോഷങ്ങളും ഭരണകൂടം നിരോധിച്ചു. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് വിലക്ക്.
എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഷാർജ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ നിയമനടപടി എടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പുതുവർഷരാവിൽ വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് യുഎഇയിൽ എല്ലാ നഗരങ്ങളിലും നടക്കാറുള്ളത്.
കരിമരുന്ന് പ്രയോഗങ്ങളാണ് എപ്പോഴും ശ്രദ്ധയാകർഷിക്കാറുള്ളത്. ഇത്തവണയും നിരവധി ആഘോഷ പരിപാടികൾ ഷാർജയിലടക്കം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് നിരോധനമെത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഭരണകൂടം ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ പുതുവത്സരാഘോഷങ്ങൾ നടക്കുമെന്നു തന്നെയാണ് വിവരം. അബുദാബിയിൽ ഷെയ്ഖ് സായദ് ഫെസ്റ്റിവലിൽ ഇത്തവണ ഗിന്നസ് റെക്കോർഡ് വെടിക്കെട്ടാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന കരിമരുന്ന് പ്രയോഗമാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലും വിപുലമായ പുതുവത്സര പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. വിദേശികളടക്കം ന്യൂഇയർ ആഘോഷത്തിന് തിരഞ്ഞെടുക്കുന്നത് യുഎഇയാണ്.
ഇസ്രയേൽ നടത്തിവരുന്ന ആക്രമണങ്ങളിൽ 20,000ലേറെ പേർ ഇതിനോടകം ഗാസ മുനമ്പിൽ മരണപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രേയൽ നിലപാട്. അതിനാൽ തന്നെ യുദ്ധം ഏറെ നാൾ നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.