കുവൈറ്റില്‍ വിസ മാറ്റം തടയുന്നതുള്‍പ്പെടെ നിരവധി കടുത്ത നീക്കങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു!

കുടുംബ വിസയില്‍നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍വിസയിലേക്ക് മാറ്റം വാങ്ങിയ ശേഷം ഹോം ഡെലിവറി സര്‍വിസ് ഉള്‍പ്പെടെ ലൈസന്‍സില്ലാതെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നിലവില്‍ ആക്ഷേപമുണ്ട്

കുവൈറ്റ് സിറ്റി: വിദേശികള്‍ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റില്‍ വിസ മാറ്റം തടയുന്നതുള്‍പ്പെടെ നിരവധി പുതിയ നീക്കങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. കുടുംബവിസയില്‍നിന്ന് തൊഴില്‍വിസയിലേക്ക് മാറ്റം അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആണ് കുവൈറ്റ് ഒരുങ്ങുന്നത്. മാന്‍പവര്‍ അതോറിറ്റി ഇതിനായുള്ള നടപടി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അധികൃതരെ ഉദ്ധരിച്ച് കുവൈറ്റ് ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

തൊഴിലാളികളുടെ എണ്ണം കൂടുന്നത് തടയാന്‍ എന്നാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബ വിസയില്‍നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍വിസയിലേക്ക് മാറ്റം വാങ്ങിയ ശേഷം ഹോം ഡെലിവറി സര്‍വിസ് ഉള്‍പ്പെടെ ലൈസന്‍സില്ലാതെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നിലവില്‍ ആക്ഷേപമുണ്ട്.
വിസ കച്ചവടക്കാരുടെയും ഊഹ കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. കുവൈറ്റില്‍ പുതുതായി എത്തുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിസ മാറ്റം വിലക്കുന്നതും പരിഗണനയിലുണ്ട്.

Exit mobile version