ഒരുമാസം മുമ്പ് അബുദാബിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ അല്‍ഹസ്സ ജയിലില്‍ കണ്ടെത്തി

അബുദാബി: ഒരുമാസം മുമ്പ് അബുദാബിയില്‍ നിന്നും കാണാതായ കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയെ സൗദി അറേബ്യയിലെ അല്‍ഹസ്സ ജയിലില്‍ കണ്ടെത്തി. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി പാലായില്‍ ഹാരിസിനെയാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ എട്ടാം തിയ്യതി മുതലാണ് ഹാരിസിനെ കാണാതായത്.
അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബറില്‍ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കമ്പനിയോട് ലീവ് ചോദിക്കുകയും ലീവ് നിഷേധിച്ചതിനെത്തുടര്‍ന്നു കമ്പനിയില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു.

കാല്‍നടയായി സൗദി അതിര്‍ത്തിയിലെത്തിയ ഹാരിസിനെ പരിശോധനാകേന്ദ്രത്തില്‍ വെച്ച് രേഖകളില്ലാതെ അതിര്‍ത്തി രക്ഷാസേന കസ്റ്റഡിയിലെടുത്ത് അല്‍ഹസ്സ ജയില്‍ അധികൃതര്‍ക്ക് കൈമാറി.

ശാരീരികവും മാനസികവുമായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹാരിസിനെ ഹസ്സയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് രേഖകള്‍ ശരിയാക്കി ഉടനെ നാട്ടില്‍ അയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ മദനി അറിയിച്ചു.

Exit mobile version