മസ്‌കറ്റ്: മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള തേജ് ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഒമാന്‍. നിലവില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നും നാളെയും രണ്ടു പ്രവിശ്യകളില്‍ അവധി പ്രഖ്യാപിച്ചു.
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
20 സെന്റിമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുള്ളതിനാല്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്.
also read: കോട്ടയത്ത് വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു
തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റുമുള്ളതിനാല്‍ സലാല തുറമുഖം അടച്ചു. മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ഒമാനില്‍ 35 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.