അബുദാബി: യുഎഇയിലുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഒമാൻ ബസ് സർവീസ് ആരംഭിക്കുന്നു. യുഎഇയിൽ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സർവീസ് ഈ മാസം ആറിനാണ് ആരംഭിക്കുന്നത്. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റാസൽഖൈമയെയും മുസന്ദം ഗവർണറേറ്റിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ സർവീസ് തുടങ്ങുന്നത്. രാവിലെയും വൈകിട്ടുമായി ദിവസവും രണ്ട് സർവീസ് വീതമാണ് ഉണ്ടാവുക.
ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യുഎഇയിലെയും ഒമാനിലെയും ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സർവീസ് ആരംഭിക്കുന്നത്. യുഎഇയിൽ നിന്നുള്ള സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഒമാനിന്റെ ഭൂപ്രകൃതി ആസ്വദിക്കാനുളള അവസരമാണ് ഇതുവഴി തുറക്കുന്നത്.
ഒമാനിലുളളവർക്ക് റാസൽഖൈമ ഉൾപ്പെടെയുളള യുഎഇയിലെ സ്ഥലങ്ങൾ സന്ദർശിക്കാനും സാധിക്കും. റാസൽഖൈമയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഖസബിലെ വിലായത്തിൽ അവസാനിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് യാത്രക്ക് വേണ്ടി വരുന്ന സമയം.
ഒരു വശത്തേക്കുളള യാത്രക്ക് അൻപത് ദിർഹമാണ് ടിക്കറ്റ് നിരക്ക്. റാസൽഖൈമ ട്രാൻസ്പോർട്ട് അതേറിറ്റിയുടെ ഔദ്യാഗിക വെബ് സൈറ്റിലൂടെ ടിക്കറ്റുകൾ മുൻ കൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഇതിന് പുറമെ ബസിൽ നിന്നും ടിക്കറ്റ് നേരിട്ട് വാങ്ങാം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും രണ്ട് സർവീസുകളാകും ഉണ്ടായിരിക്കുക.
ALSO READ- വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് കാരുണ്യം: മകന്റെ ജീവനെടുത്ത പ്രതിയ്ക്ക് മാപ്പ് നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്
ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തിന്റെ നേതൃത്വത്തിൽ മസ്‌ക്കറ്റിൽ നിന്നും അബുദാബിയിലേക്കുള്ള ബസ് സർവീസും പുനരാരംഭിച്ചു. കോവിഡ് കാലത്ത് നിർത്തി വച്ച സർവീസ് ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് പുനരാരംഭിച്ചത്.